കാര്യം ശരിയാണ്. ഏത് ബലത്തിനും തുല്യമായ ഒരു എതിർ ബലം ഉണ്ടാകുമെന്ന് ന്യൂട്ടൻ പറഞ്ഞിട്ടുണ്ടല്ലോ? അത് കർമ്മ സിദ്ധാന്തത്തിനും ബാധകമാണ്. തുല്യമായ എതിർ ബലം ഇവിടെ , ചെയ്ത കർമ്മത്തിനുള്ള ഫലമോ തിരിച്ചടിയോ ആയ എതിർ കർമ്മം ആണെന്ന് മാത്രം.
നാട്ടിൽ ഒരു നിയമലംഘനം ഉണ്ടായാൽ, പോലീസും കോടതിയും ഇടപെട്ട് ആ നിയമലംഘനത്തിന് ഏതാണ്ട് തുല്യമായി , നിയമത്തിൻ്റെ വഴിയിൽ, ശിക്ഷ ലഭിക്കുന്ന പോലെ തന്നെ, കർമ്മ സിദ്ധാന്ത നിയമമനുസരിച്ച്, സാഹചര്യത്തിനനുസരിച്ച്, ഈ ജന്മത്തിലോ പിന്നീട് വരുന്ന ജന്മശതങ്ങളിലോ ആ തെറ്റിന് പരിഹാരം കാണേണ്ടി ഇരിക്കുന്നു. പക്ഷേ മഹാമായാ പ്രഭാവം കൊണ്ട്, ഒരു തെറ്റ് തിരുത്താൻ ജന്മം എടുത്താൽ, വാസനാബലം കൊണ്ട് കൂടുതൽ തെറ്റുകളിലേക്ക് വഴുതി വീഴുകയും, പ്രായശ്ചിത്തം ഒരു മരീചികയായി തീരുകയും ചെയ്യുന്നു എന്നുള്ളതാണ് വാസ്തവം. വ്യാസഭഗവാൻ്റെ യോഗവാസിഷ്ഠം അനുസരിച്ച്, ഒരാൾ ഒരേ സമയം പല സ്ഥലങ്ങളിൽ പല ഭാവത്തിൽ ജന്മം എടുക്കും എന്ന് കാണുന്നു. വളരെ ശക്തമായ പല തരം ആഗ്രഹങ്ങൾ ഒരാളെ, ഒരു ജീവാത്മാവിനെ, പലതായി വിഭജിച്ച്, ആ ആഗ്രഹങ്ങൾ സാധ്യതമാക്കാൻ സൗകര്യമുള്ള സ്ഥലങ്ങളിൽ ജന്മം കൊടുത്ത് അനുഗ്രഹിച്ചു എന്നു കരുതാൻ ന്യായമുണ്ട്. നമ്മുടെ വർദ്ധിച്ച ജനസംഖ്യയേ ഇത് മായി ബന്ധപ്പെടുത്താവുന്നതാണ്.
പ്രാരബ്ധകർമ്മദോഷം വരുന്ന കാലത്ത്, സ്വാഭാവികമായും ഗ്രഹങ്ങൾ ദുഃസ്ഥിതിയിലായിരിക്കും. അവ രോഗങ്ങൾ ആയി ത്രിദോഷങ്ങളെ ബാധിക്കും. ചിലപ്പോൾ, നല്ല സൗഖ്യത്തിലല്ലാത്ത ജനങ്ങൾക്ക്, ആഭിചാരം ( പ്രത്യേക മാരണക്രിയകൾ ആകണമെന്നില്ല; മനസ്സിൻ്റെ കുശുമ്പും അസൂയയും മതി ) ചെയ്യണമെന്ന് തോന്നാം. ഇത് എല്ലാം കഷ്ടകാലത്തെക്കുറിക്കുന്നു. കഷ്ടകാലമോ, പ്രാരബ്ധ കർമ്മം പിഴച്ച സമയത്തെയും കാണിക്കുന്നു. മരുന്നോ മന്ത്രവാദമോ മറ്റോ നടത്തിയാൽ അസുഖം മാറിയേക്കും , ഹൈക്കമാൻ്റ് ( ദേവത ) ഇടപെട്ടതിനാൽ, താല്കാലിക വെടി നിർത്തൽ മാത്രം. അതിനാലാണ് ” എന്ത് വരം വേണമെന്ന് ” ശ്രീ ചുടല ഭദ്രകാളി ചോദിച്ച സമയത്ത് , നാറാണത്ത് ശ്രീ. ഭ്രാന്തൻ ഇങ്ങനെ പറഞ്ഞരുളിയത് :- “എൻ്റെ ഇടത് കാലിലെ മന്ത് വലത് കാലിലേക്ക് മാറ്റിയാൽ മതി ” എന്ന്. എന്നാൽ ഈ ജന്മം കൊണ്ട് തന്നെ അനുഭവിച്ച് തീർക്കാമല്ലോ ?
മറ്റുള്ളവരുടെ മഹാരോഗങ്ങൾ നിഷ്പ്രയാസം മാറ്റിയ നമ്മുടെ മഹാത്മാക്കളായ ശ്രീ രാമകൃഷ്ണ പരമഹംസർ, ശ്രീ രമണ മഹൃഷി തുടങ്ങിയവർ അസുഖങ്ങളുമായി മടങ്ങിയതിൻ്റെ കാരണവും മറ്റൊന്നല്ല. ആയിരങ്ങളുടെ രോഗമെന്ന കർമ്മദോഷം മാറ്റിയപ്പോൾ , അത് എവിടെയെങ്കിലും വെച്ച് തീർക്കണമല്ലോ എന്ന് കരുതിയാണ്. അവർക്ക് വേണമെങ്കിൽ, അവ നിഷ്പ്രയാസം മാറ്റാമായിരുന്നു. പക്ഷേ കർമ്മത്തിൻ്റെ നിയമത്തിൽ മാറ്റം വരുത്താൻ അവർ ആഗ്രഹിച്ചിരുന്നില്ല. ഇവിടെ ശ്രീ ത്രൈലിംഗസ്വാമി തൃപ്പാദങ്ങളെ പ്രത്യേകം സ്മരണീയമാണ്. മൊത്തം പ്രാരബ്ധ കർമ്മ ദോഷങ്ങളെ തൻ്റെ ജ്ഞാനാഗ്നിയിൽ അക്ഷരാർത്ഥത്തിൽ തന്നെ ദഹിപ്പിച്ച്, ഒരു തരി ഭസ്മം പോലും അവശേഷിപ്പിക്കാതെ മടങ്ങിയ തൃപ്പാദങ്ങളാണത്. പക്ഷേ ഭീമസേനൻ പറഞ്ഞ പോലെ :- ” പക്ഷീന്ദ്രനുണ്ട് ഗരുഢനെന്നോർത്തിട്ട്/ അക്ഷിക കൂട്ടം മദിക്കും കണക്കിനെ “. !
ഗരുഢനും പറക്കും, മലാശിയായ ഈച്ചയും പറക്കും. ഇവിടെയാണ് നാറാണത്തിൻ്റെ മറ്റൊരു മഹാവാചകം പ്രസ്ക്തമാകുന്നത് ” എല്ലാ തബ്രാക്കളും തബ്രാക്കൾ, ആഴ്വാഞ്ചേരി തബ്രാക്കൾ തബ്രാക്കൾ “! എന്ന്.
ഈ പറഞ്ഞതിൻ്റെയെല്ലാം അടിസ്ഥാനം രോഗമായിരുന്നല്ലോ? എന്താണ് രോഗഹേതു ? അത് വ്യക്തമായി തന്നെ പറഞ്ഞു :-” ഒന്നായ നിന്നെയിഹ രണ്ടെന്ന് കണ്ടളവിലുണ്ടായ രിണ്ടൽ ബത മിണ്ടാവതല്ല പുന “.
ആ ഒരു അണുവിഭജന വിക്ഷോഭത്തിൽ നിന്നാണ് സർവ്വത്ര ദുരിതക്കയങ്ങൾ സൃഷ്ടിക്കപ്പെട്ടത്. തിരിച്ച് നിരതിശയകരമായ കേന്ദ്രത്തിലേകുള്ള ആ വഴിയാണ് സർവ്വരും സർവ്വ വഴിയിലൂടെയും അന്വേഷിക്കുന്നത്. ആ പരമ ശാന്ത മൂർത്തി അരുളി :- ” അന്വേഷിപ്പിൻ കണ്ടെത്തും “. “മുട്ടുവിൻ തുറക്കപ്പെടും “!!.



Leave a Reply