[മലയാളിയുടെ കുളി വിശേഷങ്ങൾ]
********
എണ്ണ, സോപ്പ്, ഇഞ്ച, വാകപ്പൊടി എന്നിവയെല്ലാം സൂക്ഷിക്കാൻ ‘കുളപ്പുരയിൽ’ സൗകര്യമുണ്ടായിരിക്കും.
അന്തർജ്ജനങ്ങൾ കുളിച്ച് കയറിക്കഴിഞ്ഞ് പച്ചമഞ്ഞളും ആവണക്കിൻ കുരുവും കൂടി കല്പടവിൽ അരച്ച് കുറിയിട്ട് വീണ്ടും കുളത്തിലിറങ്ങി മുങ്ങും. കാലത്ത് കുളികഴിഞ്ഞു വന്നാൽ ചന്ദനം തൊട്ട് കറുക ഉഴിയും. കിഴക്കോട്ടു നോക്കിനിന്ന് കറുക മുഖത്തുഴിഞ്ഞ് കളയണം. എന്തിനാണെന്ന് ഒരു പിടിയും കിട്ടുന്ന രാജാക്കന്മാരുടെ കുളിയ്ക്ക് വാസന ദ്രവ്യങ്ങളിട്ട് തിളപ്പിച്ച ചൂടുവെള്ളവും ചന്ദനം, പനിനീർ എന്നിവയെല്ലാം ആവശ്യമായി വന്നിരുന്നു. വടക്കൻപാട്ടിൽ ഉണ്ണിയാർച്ചയുടെ കുളിച്ചമയങ്ങൾ വിവരിക്കുന്നുണ്ട്.
കുളക്കടവിങ്കൽ ചെന്നു പെണ്ണും താളിക്കല്ലേറിയിരുന്നവളും താളിപതച്ചു കുറുമ്പരിച്ചു താളിയും തേച്ചു മെഴുക്കിളക്കി അരയോളം നീറ്റിൽ ഇറങ്ങിനിന്നു മുങ്ങിക്കുളിച്ചങ്ങു പെണ്ണവളും നനമുണ്ട് പിഴിഞ്ഞങ്ങു തോർത്തുന്നുണ്ട് സൂര്യനു വെള്ളം ജപിച്ചെറിഞ്ഞു കൈകൂപ്പിനിന്നങ്ങു പ്രാർത്ഥിക്കുന്നു.
“കുളിയും തേവാരവും” എന്ന പ്രയോഗം നമുക്കെല്ലാം സുപരിചിതമാണല്ലോ. “തേവാരം” എന്ന വാക്കിന്റെ അർത്ഥം “ദേവകാര്യം” എന്നാണ്. അതായത് സന്ധ്യാവന്ദനം, ജപം, നമസ്കാരം എന്നിവ.
തേവാരം തന്നെ അകത്തെ തേവാരവും പുറത്തെ തേവാരവുമുണ്ട്. ആദ്യത്തേത് അന്തർജ്ജനങ്ങളും രണ്ടാമത്തേത് നമ്പൂതിരിമാരും നടത്തുന്ന ദേവകാര്യ ങ്ങൾ തന്നെ. സൂര്യനമസ്കാരം, ഭാഗസൂക്തം, പുരുഷസൂക്തം, ദ്വാദശാക്ഷരി തുടങ്ങിയ ജപങ്ങൾ ഇതിലുൾപ്പെടുന്നു.
കുളി കഴിഞ്ഞാൽ ‘തേവാരം’ നടത്തണം. എന്നതിനാലാവണം “കുളിയും തേവാരവും’ എന്ന പ്രയോഗം ഉണ്ടായത്.
കുളി ആരോഗ്യപരിപാലനത്തിന്റെ ഭാഗമാണ്. അതിന് വലിയ പ്രാധാന്യം കേരളീയർ നല്കിയിട്ടുമുണ്ട്. ആവശ്യങ്ങൾക്കുപരി അനാവശ്യക്കുളികൾ (അയിത്തം മാറ്റാനെന്നപേരിൽ) നടന്ന നാടാണിത്. പുലർകാലക്കുളി പുതുമയ്ക്കുള്ളതാണ്. ഉച്ചക്കുളി പിച്ചക്കുളിയും അന്തിക്കുളി ചന്തക്കുളിയും ചട്ടിക്കുളി (ബാത്ത്റൂം കൂട്ടി) പൊട്ടക്കുളിയും ഒക്കെയായി വില യിരുത്താൻ മലയാളിക്കല്ലാതെ മറ്റാർക്കും വിജ്ഞാനം ഉണ്ടാവുമെന്ന് തോന്നുന്നില്ല.
{ പൈതൃക സ്മൃതികൾ }.



Leave a Reply