പുണ്യസ്ഥലങ്ങളിൽ, പ്രകമ്പനങ്ങൾ വഴിഞ്ഞൊഴുകുന്ന ഊർജസ്ഥലികളിൽ വന്ന് ധ്യാനത്തിനെന്ന മട്ടിലിരിക്കുന്ന വിനോദസഞ്ചാരികളെ കണ്ണിന് നേരെ കണ്ടുകൂടായിരുന്നു എനിക്ക്. അതിന് കാരണമായ ഒരു സംഭവമുണ്ട്.
ഏതാണ്ട് 20 വയസ്സ് കാണുമന്ന്, ഹിമാലയത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ കറങ്ങിത്തിരിഞ്ഞ് വ്യാസഗുഹയ്ക്ക് സമീപമെത്തി. മൊബൈൽ സൈലന്റ് മോഡിൽ പോലുമിടാതെ കുറെ ജനങ്ങൾ അവിടെയും ധ്യാനത്തിൽ ഇരിക്കുന്നുണ്ടായിരുന്നു. കണ്ണ് തുറക്കുമ്പോഴിനി എന്നെക്കണ്ട് അഹിതം സംഭവിക്കേണ്ടെന്നു കരുതി ഒരു വിളിപ്പാടകലെ ഇരിപ്പുറപ്പിച്ചു. കണി കണ്ടാൽ എരണക്കേട് അച്ചട്ടായിരുന്ന കാലമാണ്..
വ്യാസനിൽ മഹാഭാരതം രൂപം കൊണ്ടതും, ഗണപതിയാൽ അവിടെ വെച്ച് രചിക്കപ്പെട്ടതും സരസ്വതിയ്ക്ക് ശാപം ലഭിച്ചതുമെല്ലാം വർണ്ണിച്ചും, കേട്ടും ആനന്ദതുന്ദിലരായിരിക്കുന്നവരുടെ ശാപ മോക്ഷത്തിലേക്കുള്ള വഴി തടയാതെ മാറിയിരുന്നു. അതേസമയം, എന്റെയുള്ളിൽ ദേഹമാസകലം നെയ്യ് പുരട്ടിയിരുന്ന ഒരു രൂപമായിരുന്നു. പുൽപായയിൽ ധ്യാനിച്ചിരിക്കുന്ന ഒരാൾ…
ഇവിടെ വച്ചല്ലേ അതു നടന്നത്..?
ആയിരക്കണക്കിന് വർഷം മുമ്പ്?
എത്ര കൊതിച്ചിരിക്കുന്നു ഒരെണ്ണം കിട്ടാൻ..!
ശീമക്കൊന്നയുടെ കമ്പുകൊണ്ട് ഉണ്ടാക്കിയ വില്ലിൽ, ചൂണ്ടനൂലിൽ കോർത്തു വലിച്ച ഈർക്കിലിയിൽ എത്രയോ വട്ടം ഞാനാവാഹിച്ചിരിക്കുന്നു..?
മനസ്സിൽ സാവധാനം തെളിഞ്ഞു വന്ന ഒരു രൂപത്തിനു വ്യക്തത ലഭിക്കാനാവശ്യമായ പ്രകാശമുണ്ടായിരുന്നു പശ്ചാത്തലത്തിന്..
പക്ഷേ, പ്രകാശസ്രോതസ് മാത്രം അദൃശ്യമായിരുന്നു.
പൊടിപടലങ്ങൾ ഉയർത്തി പാഞ്ഞുവരുന്ന രഥങ്ങൾക്കിടയിൽ, അടുത്തുവരുന്ന കുതിരക്കുളമ്പടികൾക്കിടയിൽ, പതറാതെ പുല്ലിൽ ഋഷിമാർക്കൊപ്പം ധ്യാനത്തിലിരുന്ന ആ രൂപം, വിരലിൽ ചുറ്റി ഒരു ഭർഭപ്പുല്ല് വലിച്ചെടുക്കുകയായിരുന്നു..!
പണ്ട് കണ്ട മമ്മി റിട്ടേൺസ് സിനിമയിൽ, ദേവനായ അനുബിസിന്റെ ബ്രേസ്ലെറ്റ് കയ്യിൽ ധരിച്ച പയ്യന് ഒരു തിരശ്ശീലയിലെന്ന പോലെ ചരിത്രസംഭവങ്ങൾ കാണാൻ സാധിക്കും.
ഏതാണ്ട് അങ്ങനെയൊരു ഫീലായിരുന്നു പിന്നീട്..
ഭ്രമകൽപ്പനകളാൽ ഞാൻ നയിച്ചു തുടങ്ങിയൊരു സങ്കൽപം, ഭ്രാന്തമായ വേഗമാർജിക്കുന്നതും സാവധാനം എന്റെതന്നെ നിയന്ത്രണമേറ്റെടുക്കുന്നതും പിന്നീട് എന്നെ വലിച്ചുകൊണ്ടോടുന്നതും, നിസ്സഹായനായി നിരായുധനായി കണ്ടുനിൽക്കേണ്ടിവന്നു..
“അപാണ്ഡവായ”
“അസ്ത്രം അസ്ത്രം കൊണ്ടൊടുങ്ങട്ടെ..
ആചാര്യപുത്രനും ഞങ്ങൾക്കും സ്വസ്തി!”
ചിന്തകളുടെ പ്രവേഗം കാറ്റിൽ നിന്ന് കൊടുങ്കാറ്റിലേക്ക് ഉയർന്നു..
വജ്രായുധം നിർമ്മിച്ച ശേഷം ബാക്കിവന്ന ഭാഗം കൊണ്ട് വിശ്വകർമ്മാവ് നിർമ്മിച്ച ബ്രഹ്മശിരസ്സ് ആവാഹിക്കപ്പെടുന്ന അന്തരീക്ഷത്തിലെ മാറ്റങ്ങൾ, സഹസ്രാബ്ദങ്ങൾക്കിപ്പുറത്തുനിന്ന് ഞാൻ അനുഭവിച്ചറിഞ്ഞു…
തലമുറകളിലൂടെയും ഗുരുപരമ്പരകളിലൂടെയും കൈമാറ്റം ചെയ്യപ്പെട്ട് അഗ്നിവേശനും, തുടർന്ന് ദ്രോണാചാര്യർക്കും പിന്നീട് അശ്വത്ഥാമാവിനും ലഭിച്ച പ്രപഞ്ചസംഹാരിയായ ആ അസ്ത്രം അഭിമന്ത്രിച്ചയച്ച, രൂപംകൊണ്ട സ്ഥലത്തെ ലക്ഷണങ്ങൾ ഒരു യുഗത്തിനു ശേഷവും ഉഗ്രസ്പന്ദനങ്ങളായി എന്റെ പ്രജ്ഞയെ പിടിച്ചു കുലുക്കിക്കൊണ്ടിരുന്നു..
അന്ന് എണീറ്റ് പോയതാണ്..
പിന്നീടൊരിക്കലും, ഒരു പുണ്യസ്ഥലങ്ങളിലും പോയിക്കഴിഞ്ഞാൽ, ഓഫ്സീസണിൽ വാടക സ്റ്റോറിൽ ബിരിയാണി ചെമ്പ് ഇരിക്കണ പോലെ ധ്യാനത്തിലമരാൻ മെനക്കെട്ടിട്ടില്ല. ഇരിക്കുന്നവരോട് യാതൊരു രീതിയിലുള്ള നീരസവും തോന്നിയിട്ടില്ല.
അസാമന്യ ഊർജ്ജ പ്രവാഹമുള്ള സ്ഥലങ്ങളിൽ പോയാൽ, നമ്മൾക്ക് അവിടെ നിന്ന് ഒരുപാട് ലഭിക്കുമെന്ന് എന്നിലെ മുറിവൈദ്യൻ പണ്ടേ മനസ്സിലാക്കിയിരുന്നു.
എന്നാൽ, പഠിപ്പ് തെളിഞ്ഞില്ലെങ്കിൽ, കിട്ടിയതൊക്കെ അവിടത്തന്നെ വച്ച് പോരേണ്ടി വരുമെന്ന് മനസ്സിലായത് അന്നാണ്.!
അവിജ്ഞാതം വിജാനതാം, വിജ്ഞാതമവിജാനതാം.. 🙏🏼🔥



Leave a Reply