ആത്മീയസരണിയിൽ സഞ്ചരിക്കണമെന്നാഗ്രഹിക്കുന്നവരെ എക്കാലത്തും അലട്ടുന്ന ചില കാര്യങ്ങളുണ്ട്. അവയിലേക്കു വെളിച്ചം വീശുന്ന ഒന്നിതാ രമണസന്നിധിയിൽ നിന്നുള്ളത്. ആന്ധ്രയിൽനിന്നും വന്ന ഒരു മദ്ധ്യവയസ്കൻ ഭഗവാൻ രമണ മഹർഷിയോടു ചോദിച്ചു:
”സ്വാമീ, ഞാൻ എന്നും രാവിലെയും വൈകുന്നേരവും ഒരു മണിക്കൂർ വീതം രാമനാമം ജപിക്കാറുണ്ട്. എന്നാൽ ജപത്തിനിടയിൽ പതുക്കെ പതുക്കെ ചിന്തകൾ കടന്നുവരാൻ തുടങ്ങും, അൽപ്പസമയത്തിനുള്ളിൽ അവ പെറ്റുപെരുകി ഒടുവിൽ ഞാൻ ജപിക്കുകയാണെന്ന കാര്യംവരെ മറന്നുപോകും ഞാനെന്താണ് ചെയ്യേണ്ടത്?”
”നിങ്ങൾ ആ സമയം രാമനാമത്തെ മുറുകെ പിടിക്കൂ” ഭഗവാൻ പ്രതിവചിച്ചു.
ഇതുകേട്ട് ആ ഹാളിലിരുന്നവരെല്ലാം ചിരിച്ചു.അയാൾ ദുഃഖത്തോടെ ഭഗവാനോട് പറഞ്ഞു
”എനിക്കു തോന്നുന്നത് ഈ വിഘ്നങ്ങൾക്കെല്ലാം കാരണം സംസാരമാണെന്നാണ്. അതുകൊണ്ട് ഈ സംസാരമാകുന്ന ഭാരം ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു.”
”ഓ അങ്ങനെയാണോ? എന്താണീ സംസാരം? അത് നിങ്ങളുടെ അകത്തോ പുറത്തോ?.” ഭഗവാൻ ചോദിച്ചു.
”ഭാര്യയും കുട്ടികളും മറ്റുള്ളവരുമെല്ലാം സംസാരമാണ്”അയാൾ പറഞ്ഞു.
”ഇത്രയേയുള്ളോ?”
ഭഗവാൻ ചോദിച്ചു
”അവർ എന്തപരാധമാണ് നിങ്ങളോടു ചെയ്തത്? ദയവു ചെയ്ത് ആദ്യം സംസാരമെന്നാൽ എന്താണെന്ന് കണ്ടുപിടിക്ക്. അതിനുശേഷം അത് ഉപേക്ഷിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാം.”
അയാൾക്ക് ഈ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ സാധിക്കാത്തതിനാൽ വിഷണ്ണനായി നിന്നു.
ഇതു കണ്ട ഭഗവാൻ സ്നേഹത്തോടെ അയാളോടു പറഞ്ഞു:
‘നിങ്ങൾ നിങ്ങളുടെ ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് ഇവിടെ വരികയാണെന്ന് കരുതുക, പിന്നീട് ഇവിടം മറ്റൊരു തരത്തിലുള്ള സംസാരമായി പരിണമിക്കും. നിങ്ങളിനി സന്ന്യാസം സ്വീകരിച്ചു എന്നു കരുതുക അപ്പോൾ കമണ്ഡലുവായും ഊന്നുവടിയായും സംസാരം വന്നുചേരും. എന്തിനാണീ പുകിലെല്ലാം ?
സംസാരമെന്നാൽ മനസ്സിന്റെ സംസാരമാണ്. ആ സംസാരത്തെ ഉപേക്ഷിക്കാനായാൽ എവിടെ ചെന്നാലും ഒരുപോലെയാണ്. അപ്പോൾ പിന്നെ ഒന്നും നിങ്ങളെ അലട്ടാതാകും.”
അയാൾ ആവേശത്തോടെ ചോദിച്ചു:
”അതു ശരിയാണ് സ്വാമീ. എങ്ങനെയാണ് മനസ്സിന്റെ സംസാരത്തെ ഇല്ലാതാക്കാൻ കഴിയുക?”
”അതിനിത്രമാത്രമേ ചെയ്യേണ്ടതുള്ളു നിങ്ങൾ രാമനാമം ജപിക്കാറുണ്ടെന്ന് പറഞ്ഞല്ലോ. അതിനിടയിൽ നിങ്ങളെ ശല്യംചെയ്യുന്ന ചിന്തകൾക്കിടയിലും നിങ്ങൾ ചിലപ്പോഴെല്ലാം നാമം ജപിക്കുവാൻ മറന്നുപോയി എന്ന ചിന്ത നിങ്ങൾക്കുണ്ടാവാറില്ലേ. ഈ വസ്തുതയെ എപ്പോളും ഓർക്കാൻ ശ്രമിക്കുക.
രാമനാമത്തെ മുറുകെ പിടിക്കുക. ക്രമേണ മറ്റുചിന്തകൾ കുറയും. “
നാമജപത്തിന്റെ വിവിധ ഘട്ടങ്ങൾ മഹർഷിയുടെ ‘ഉപദേശസാര’ത്തിൽ കൊടുത്തിട്ടുണ്ട്.”
”ഉത്തമസ്തവാദുച്ഛമന്ദതാ
ചിത്തജം ജപധ്യാനമുത്തമം”
(ഉപദേശസാരം ശ്ലോകം 6)
നാമം ഉറക്കെ ഉച്ചരിക്കുന്നതിനെക്കാൾ നല്ലത് നിശ്ശബ്ദമായി ചുണ്ടനക്കുന്നതാണ്. മനസ്സിൽ ഉച്ചരിക്കുന്നതാണ് അതിലും ഉത്തമം.ഏറ്റവും ഉത്തമമായത് ധ്യാനം തന്നെയാണ്.



Leave a Reply